കേരളത്തെ മുഴുവന്‍ മുക്കി പെയ്‌ത മഴ സര്‍വത്ര നാശം വിതച്ചു. രണ്ടുദിവസം കൊണ്ട് പൊലിഞ്ഞത് 92 ജീവന്‍. ഇന്നലെ മാത്രം 59 പേര്‍ മരിച്ചു. ഇടുക്കിയില്‍ 24 പേരും മലപ്പുറത്ത് 22 പേരും രണ്ടുദിവസങ്ങളില്‍ മരിച്ചു. തൃശൂരില്‍ ഇന്നലെ മാത്രം 19 മരണം. കോട്ടയം കോഴിക്കോട് ജില്ലകളില്‍ ആറും പാലക്കാട് ഏഴുപേരും ഇന്നലെ മരിച്ചു.
സമീപചരിത്രത്തില്‍ കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് മൂന്നുദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴ വഴിയൊരുക്കിയത്. പതിനായിരങ്ങള്‍ ഒറ്റപ്പെട്ടു. ലക്ഷത്തോളംപേര്‍ അഭയാര്‍ഥികളായി. നദികളെല്ലാം കരകവിഞ്ഞു. പ്രധാന അണക്കെട്ടുകളെല്ലാം തുറന്നുതന്നെ കിടക്കുന്നു. കെ.എസ്.ഇ.ബിയുടെ 58 ഡാമുകളും ജലവിഭവ വകുപ്പിന്റെ 22 ഡാമുകളും നിറഞ്ഞുകവിഞ്ഞു. പ്രധാനനഗരങ്ങളെല്ലാം വെള്ളത്തിലായി. 14 ജില്ലകളിലും ജാഗ്രതാനിര്‍ദേശം. ഇന്നും നാളെയും സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും അതിതീവ്രമഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായി. ദുരിതാശ്വാസ ക്യാമ്പുകളില്‍പോലും വെള്ളം കയറി.
സൈന്യവും ദുരന്തനിവാരണസേനയും നാട്ടുകാരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നിരവധിപേരെ സുരക്ഷിതസ്‌ഥാനങ്ങളിലെത്തിച്ചു. റോഡ്, റെയില്‍, വ്യോഗ ഗതാഗതം താറുമാറായി. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള ട്രെയിന്‍ ഗതാഗതം ഇന്നു വൈകിട്ട് നാലുമണിവരെ നിര്‍ത്തിവച്ചു. വെള്ളത്തില്‍ മുങ്ങിയ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവച്ചു. ആലുവവഴിയുള്ള റെയില്‍ ഗതാഗതവും റദ്ദാക്കി. തിരുവന്തപുരത്തുനിന്നു പുറപ്പെടുന്ന ട്രെയിനുകള്‍ റദ്ദാക്കി. കുതിരാനില്‍ മണ്ണിടിഞ്ഞതോടെ ദേശീയപാതയിലെ റോഡ് യാത്രയും നിര്‍ത്തി.
ഇടുക്കി: രണ്ടുദിവസം കൊണ്ട് മഴ കവര്‍ന്നത് 24 പേരെ. അഞ്ചുപേരെ കാണാതായി. ഇന്നലെ മാത്രം 13 മരണം. നെടുങ്കണ്ടം പച്ചടി പത്തുവളവില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും മൂന്നാര്‍ നല്ലതണ്ണി റോഡില്‍ ടാറ്റാ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ നാലുപേരും അടക്കമാണിത്. ചെറുതോണി ഗാന്ധിനഗര്‍ കോളനിയിലെ വനരാജ് (65), ഭാര്യ കമലം (60), ശാന്തിനിലയം കലാവുദ്ദീന്‍, വാറപ്ലാക്കല്‍ പൊന്നമ്മ, പെരുംകാല കല്ലടിയില്‍ ജയരാജന്റെ ഭാര്യ ഭാവന (31), മകള്‍ ശ്രുതി (10), കീരിത്തോട് കണിയാംകുടിയില്‍ ശശിയുടെ ഭാര്യ സരോജനി, കരിമ്പന്‍കാനത്ത് വട്ടപ്പാറയില്‍ വി.എ ജോര്‍ജ് (70), ഭാര്യ അന്നക്കുട്ടി (65), മകള്‍ കുഞ്ഞുമോള്‍ (41), വെള്ളത്തൂവല്‍ എസ്.വളവില്‍ തുറവയ്‌ക്കല്‍ തങ്കച്ചന്‍ (മാത്യു 58), ഭാര്യ ലൈസ (56), നെടുങ്കണ്ടം പച്ചടി താറാവിളയില്‍ ജയന്റ പിതാവ് പീറ്റര്‍ തോമസ് (72), ഭാര്യ റോസമ്മ (70), ജയന്റെ ഭാര്യ ജോളി (43), അന്യാര്‍തൊളു നിരപ്പേല്‍ പാലംപറമ്പില്‍ ബിജുവിന്റെ ഭാര്യ ലത, മൂന്നാറില്‍ തമിഴ്‌നാട് സ്വദേശി മദനന്‍, എല്ലക്കല്‍ ആടിയാനാല്‍ ത്രേസ്യാമ്മ (80), മൂന്നാര്‍ നല്ലതണ്ണി റോഡില്‍ ടാറ്റാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സതീഷ്(45), ഭാര്യ വെങ്കിട ലക്ഷ്‌മി(36), മകള്‍ റോഷിത(6) മകന്‍ വിശ്വ (5), ദേവികുളം സേക്രട്ട് ഹാര്‍ട്ട് ആശ്രമത്തിലെ അന്തേവാസിയായ ബ്രദര്‍ ആന്റണി അടിമൈ(50), ദേവികുളം സുമംഗല ഭവനില്‍ ഉണ്ണി (16) എന്നിവരാണ് മരിച്ചത്. മൂന്നാം ദിവസവും വെള്ളത്തിനടിയിലായ മൂന്നാര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇടുക്കി ജില്ലയിലെ പ്രധാനറോഡുകളളെല്ലാം വെള്ളത്തിലാണ്.
കോട്ടയം: മഴക്കെടുതിയില്‍ ഇന്നലെ ആറുപേര്‍ മരിച്ചു. ഒരാളെ കാണാതായി. ബുധനാഴ്‌ച രാത്രിയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ തീക്കോയി വെള്ളികുളം നരിക്കുന്നേല്‍ മാമി (80), മകള്‍ മോളി (55) , മോളിയുടെ മക്കളായ അല്‍ഫോന്‍സ് (11), ടിന്റു (8) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ ജോമോനെ ഗുരുതരാവസ്‌ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദയനാപുരം വൈക്കപ്രയാര്‍ അന്‍പതില്‍ ശിവദാസന്‍ (68) ബുധനാഴ്‌ച രാത്രി തോട്ടില്‍വീണു മരിച്ചു. കോതനല്ലൂര്‍ കുഴിപ്പറമ്പില്‍ സജി ജോസഫിന്റെ മകന്‍ ഡാനിയലി(രണ്ടേമുക്കാല്‍ വയസ്) തോട്ടില്‍ വീണു മരിച്ചു. മീനച്ചില്‍ പഞ്ചായത്ത് ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ് പിണ്ണക്കനാട് ചേറ്റുതോട് കണിയാംപടിക്കല്‍ ജോബി മാത്യു (33)വിനെയാണ് കാണാതായത്. പാലാ നഗരം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. തീക്കോയി പഞ്ചായത്തില്‍ കാട്ടൂപ്പാറ, ഈരാറ്റുപേട്ട -വാഗമണ്‍ റോഡില്‍ ഇഞ്ചപ്പാറ, മുപ്പതേക്കര്‍ എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പലയിടത്തും മണ്ണിടിച്ചില്‍ വ്യാപക നാശം വിതച്ചു.
തൃശൂര്‍: തൃശൂരില്‍ ഇന്നലെ മാത്രം 19 മരണം റിപ്പോര്‍ട്ട് ചെയ്‌തു. 10 പേരെ മണ്ണിനടിയില്‍പ്പെട്ടു കാണാതായി. മുളങ്കുന്നത്തുകാവിനടുത്ത് കുറാഞ്ചേരിയില്‍ മണ്ണിനടിയില്‍പ്പെട്ട 14 പേരുടെ മൃതദേഹം കണ്ടെത്തി. അതിരപ്പിള്ളിക്കടുത്ത് ഉരുള്‍പ്പൊട്ടി ഒരാളും പൂമാലയില്‍ വീടുതകര്‍ന്ന് രണ്ടുപേരും മരിച്ചു. കുറ്റൂരില്‍ റെയില്‍വേ ഗേറ്റിനുസമീപം വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു.
കോഴിക്കോട്: ജില്ലയില്‍ ആറുപേര്‍ മരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ കല്‍പിനിയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടാണ് അച്‌ഛനും മകനും മരിച്ചത്. മാവൂരിനടുത്ത് ഊര്‍ക്കടവില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു രണ്ടു കുട്ടികള്‍ മരിച്ചു. ശിവപുരത്ത് തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
മലപ്പുറം: രണ്ടുദിവസങ്ങളിലായി 22 മരണം. ബുധനാഴ്‌ച്ച 14പേരും ഇന്നലെ എട്ടുപേരുടേയും മരണമാണ് സ്‌ഥിരീകരിച്ചത്. ബുധനാഴ്‌ച കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുടുംബങ്ങളിലെ 12 പേര്‍ മരിച്ചു. ഏറനാട് താലൂക്കിലെ വെറ്റിലപ്പാറയില്‍ ഓടക്കയം നെല്ലിയായി ആദിവാസികോളനിയില്‍ ഇന്നലെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചു. 11 പേരെ കാണാതായി. എടവണ്ണ കുളപ്പാട് ഉരുള്‍പൊട്ടി യുവതി മരിച്ചു. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്‌കൂള്‍പടിക്ക് സമീപം നിര്‍മാണം പുരോഗമിക്കുന്ന ജുമാ മസ്‌ജിദിന്റെ മിനാരം തകര്‍ന്ന് വീണ് നിര്‍മാണത്തൊഴിലാളി മരിച്ചു. വൈദ്യുതിപോസ്‌റ്റില്‍ നിന്ന് ഷോക്കേറ്റ് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ യുവാവ് മരിച്ചു. പരപ്പനങ്ങാടിയില്‍ തോണി മറിഞ്ഞ് 12 വയസുകാരനെ കാണാതായി.
പാലക്കാട്: നെന്മാറ അളുവശേരി ചേരുങ്കാട് ഉരുള്‍പൊട്ടി നവജാത ശിശു ഉള്‍പ്പെടെ രണ്ടുകുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
പത്തനംതിട്ട: പമ്പാനദി പ്രതീക്ഷിച്ചതിലുമേറെ സംഹാരരൂപം പൂണ്ടതോടെ പത്തനംതിട്ട ജില്ലയില്‍ നിരവധി പേര്‍ കുടുങ്ങി. തോട്ടപ്പുഴശേരിയില്‍ അന്നമ്മ മത്തായി(78) എന്ന വീട്ടമ്മ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കുഴഞ്ഞുവീണും ആറന്മുളയില്‍ വെള്ളം കയറാതിരിക്കാന്‍ മുകള്‍നിലയിലേക്കു കയറുന്നതിനിടെ അമ്മിണിയമ്മ എന്ന വീട്ടമ്മ വെള്ളത്തില്‍ വീണും മരിച്ചു. ചീറ്റാര്‍-സീതത്തോട് മേഖലയില്‍ വ്യാപക ഉരുള്‍പൊട്ടലുണ്ടായി. സീതത്തോട് മുണ്ടന്‍പാറയില്‍ ഉരുള്‍പൊട്ടി രണ്ടുപേരെ കാണതായി. സീതത്തോട് പഞ്ചായത്തില്‍ പതിനഞ്ചോളം വീടുകള്‍ ഒലിച്ചുപോയി. ആറന്മുള, റാന്നി, കോഴഞ്ചേരി മേഖലകളില്‍ വീടുകളുടെ രണ്ടാംനിലവരെ വെള്ളമെത്തി. സൈന്യമെത്തി ആകാശമാര്‍ഗമാണ് പലരേയും രക്ഷിച്ചത്. ഇന്നലെ പകല്‍മാത്രം നാനൂറോളം പേരെ ഇവിടെനിന്നു രക്ഷിച്ചു. അഞ്ചുകിലോമീറ്റര്‍ അകലെക്കൂടെ ഒഴുകുന്ന പമ്പാനദിയും മണിമലയാറും ഒന്നിച്ചൊഴുകുകയാണ്. വരട്ടാറും കരകവിഞ്ഞു. ഇതിനിടയില്‍പ്പെട്ട ആയിരക്കണക്കിനു കുടുംബങ്ങളാണ് ഭുരന്തഭീതിയില്‍ കഴിയുന്നത്.
ആലപ്പുഴ: ദേശീയപാതയോരത്തെ മരം വീണ് ആര്യാട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നിലംനികത്ത് വീട്ടില്‍ പ്രഭാകരന്‍ (തങ്കച്ചന്‍-64) മരിച്ചു. മുഹമ്മയില്‍ നിന്ന് മകനൊപ്പം മത്സ്യബന്ധനത്തിനുപോയ മുഹമ്മ പൊന്നാട്ടുചിറ ഹരിഹരനെ (62) കാണാതായി.
എറണാകുളം: ആലുവ, ചാലക്കുടി ടൗണ്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. എറണാകുളം ജില്ലയില്‍ ആലുവ, നോര്‍ത്ത് പറവൂര്‍, ഏലൂര്‍ ഭാഗങ്ങളില്‍ വെള്ളം പല വീടുകളുടെയും രണ്ടാം നിലയില്‍ വരെ കയറി. കൊച്ചി കായലിലും ജലനിരപ്പ് ഉയര്‍ന്നു. മുട്ടം യാര്‍ഡില്‍ വെളളം കയറി മെട്രോ സര്‍വീസ് നിര്‍ത്തി. പെരിയാര്‍ കരകവിഞ്ഞൊഴുകി ദേശീയപാത വഴിയുള്ള റോഡ് ഗതാഗതം തടസപ്പെട്ടു. വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവ-പെരുമ്പാവൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.
കണ്ണൂര്‍: പയ്ന്നൂര്‍ രാമന്തയളിപ്പുഴയില്‍ മത്സ്യത്തൊഴിലാളിയായ പണ്ടാര വളപ്പില്‍ ഭാസ്‌ക്കരന്‍(56) പുഴയില്‍ മുങ്ങി മരിച്ചു. കൊട്ടിയൂര്‍ മേഖലയില്‍ ഉരുള്‍പൊട്ടി വ്യാപക നാശനഷ്‌ടങ്ങളുണ്ടായി. പേരാവൂര്‍- തലശേരി സംസ്‌ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു.
വയനാട്: പ്രളയക്കെടുതി തുടരുന്നു. ബാണാസുര, കാരാപ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളവും പോഷകനദികളിലൂടെ കബനിയിലേക്കാണ് എത്തുന്നത്. കബനി നദിയുടെയും പോഷകനദികളുടെയും കരകളിലുള്ള സ്‌ഥലങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷം. കോഴിക്കോട് -ബംഗളൂരു ദേശീയപാതയില്‍ മുത്തങ്ങക്കടുത്ത് പൊന്‍കുഴിയില്‍ ചൊവ്വാഴ്‌ച രാത്രി വെള്ളം കയറി ഗതാഗതം നിലച്ചു. മാനന്തവാടി- നെടുമ്പോയില്‍ റോഡിലും കുറ്റ്യാടി -നിരവില്‍പുഴ റൂട്ടിലും വെള്ളം കയറിയതിനാല്‍ അന്യജില്ലകളില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്ര ദുഷ്‌കരമായി. താമരശേരി ചുരത്തില്‍ ഗതാഗത തടസമില്ല. എന്നാല്‍ ചുരം അപകടാവസ്‌ഥയിലായതിനാല്‍ അടിയന്തരയാത്രകള്‍ മാത്രമേ ചുരത്തിലൂടെ പാടുള്ളുവെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ദേശീയ ദുരന്ത പ്രതികരണസേന(എന്‍.ഡി.ആര്‍.എഫ്)യുടെ 40 ടീമുകള്‍ കൂടി കേരളത്തിലെത്തും. കരസേന, നാവികസേന, വ്യോമസേന, തീരരക്ഷാസേന, അഗ്‌നിരക്ഷാസേന, എന്‍.ഡി.ആര്‍.എഫ്. എന്നിവരടങ്ങുന്ന 52 സംഘം നിലവില്‍ കര്‍മനിരതരായുണ്ട്. പ്രധാനമന്ത്രി, കേന്ദ്രആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തതായി മുഖ്യമന്ത്രി അറിയിച്ചു.
from mangalam.com https://ift.tt/2BiJebp
via IFTTT
No comments:
Post a Comment