കൊച്ചി: കനത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞതോടെ ആലുവ നഗരത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളം. റോഡ്, ട്രെയിന്‍ ഗതാഗതങ്ങള്‍ നിലച്ചു. മെട്രോ ട്രെയിനുകള്‍ നിശ്‌ചലമായി.
കൊച്ചി നഗരം തല്‍ക്കാലം സുരക്ഷിതമാണെങ്കിലം പ്രാന്തപ്രദേശങ്ങള്‍ വെള്ളത്തിലാണ്. പലയിടത്തും വൈദ്യുതിയില്ല. ആലുവയ്‌ക്കും ചാലക്കുടിക്കുമിടയിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തി. ആലുവ തോട്ടയ്‌ക്കാട്ടുകരയിലും പറവൂര്‍ കവലയിലും കമ്പനിപ്പടിയിലും മുട്ടം യാര്‍ഡിലും വെള്ളം കയറി. സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി.
കമ്പനിപ്പടിയില്‍ ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം ഭാഗികമായി നിലച്ചു. നാലുവരിപ്പാതയുടെ തെക്കന്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളക്കെട്ടിലൂടെയാണ് പോകുന്നത്. നഗരത്തിനടുത്തു പെരിയാറിന്റെ കൈവഴിയായ മുട്ടാറും കരകവിഞ്ഞു. ആലുവ പ്രദേശങ്ങളില്‍ പെരിയാറിന്റെ പല കൈവഴികളും നിറഞ്ഞു കവിഞ്ഞു. പെരുമ്പാവൂരില്‍ പാറപ്പുറത്ത് കുടുങ്ങിയ 200 പേരെ സൈന്യം രക്ഷപ്പെടുത്തി. രാവിലെ മൂന്നു മണിക്കൂര്‍ തോര്‍ന്നുനിന്ന മഴ ശക്‌തമായ കാറ്റിനെയും കൂട്ടിയാണു മടങ്ങിയെത്തിയത്.വീടുകളില്‍ കുടുങ്ങിയവരെ സുരക്ഷിതസ്‌ഥാനത്തെത്തിക്കാന്‍ പോലീസും അഗ്നിരക്ഷാസേനയും സൈനികരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും തീവ്ര പ്രയത്നത്തിലാണ്. ആലുവയില്‍ നേരത്തെ തുറന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും മാറ്റേണ്ടിവന്നു. പെരിയാര്‍ തീരത്തെ ഫ്‌ളാറ്റുകളുടെ ഒന്നാം നിലവരെ വെള്ളമെത്തി. ഇടറോഡുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. പലയിടത്തും വാഹനങ്ങള്‍ കിട്ടാതെ ആളുകള്‍ വഴിയില്‍ കുടുങ്ങി. ടാക്‌സികളും ഓട്ടോകളും ചരക്കുവാഹനങ്ങളും വിരളമായേ ഓടിയുള്ളൂ.
from mangalam.com https://ift.tt/2MwEEKU
via IFTTT
No comments:
Post a Comment