ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങള്‍ തടയാന്‍ ശക്തമായ നിയമം വേണമെന്ന് സുപ്രീംകോടതി. ഒരുമാസം നീണ്ട വാദം കേള്‍ക്കലിന് ശേഷം വിധിപറയുന്ന വേളയിലാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് കോടതി വ്യക്തമാക്കിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അക്രമങ്ങള്‍ ആണെന്നും പരമോന്നത കോടതി വിലയിരുത്തി. ആള്‍ക്കൂട്ടം വിധി നിര്‍ണ്ണയിച്ച ദാദ്രി, ഊന സംഭവം ഇന്ത്യയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു.
കേന്ദ്രം രണ്ടാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണം തുടരുമ്പോള്‍ അപലപിച്ചിട്ട് കാര്യമില്ലെന്നും നിയമനിര്‍മ്മാണം തന്നെയാണ് ആവശ്യമാണെന്നും ഹര്‍ജി പരിശോധിച്ച കോടതി നിരീക്ഷിച്ചു. അടുത്ത ദിവസം പാര്‍ലമെന്റ് യോഗം ചേരാനിരിക്കെ സര്‍ക്കാരിന് വലിയ തിരിച്ചടിയാകുകയാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. ഗോഹത്യയുടെ പേരില്‍ ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും രാജ്യത്തുടനീളം ആള്‍ക്കൂട്ട ആക്രമണത്തിന് ഇടയാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഈ വിലയിരുത്തല്‍ നടത്തിയത്.
നാളെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷം ഇക്കാര്യം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കും. കഴിഞ്ഞ ദിവസമായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നയാള്‍ എന്ന പ്രചരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ഗൂഗിള്‍ എഞ്ചിനീയറെ 2000 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ചുവപ്പ് കാറില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ആള്‍ക്കാര്‍ എത്തുന്നു എന്ന വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചതിന് പിന്നാലെയായിരുന്നു ആള്‍ക്കൂട്ട കൊലപാതകം. 25 പേരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കൊല്ലത്ത് കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചിരുന്നു. പശ്ചിമബംഗാള്‍ സ്വദേശി മാണിക് റോയി(32)യാണ് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പി(48)നെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചലിനു സമീപം പനയഞ്ചേരിയില്‍ രണ്ടാഴ്ച മുമ്പാണു സംഭവം. െവെകിട്ട് ആറോടെ സമീപത്തെ വീട്ടില്‍നിന്നു കോഴിയെ വാങ്ങി മാണിക് താമസസ്ഥലത്തേക്കു പോകവേ കലുങ്കില്‍ ഇരുന്ന നാട്ടുകാരായ മൂന്നുപേര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന്, കോഴിമോഷണം ആരോപിച്ച് ക്രൂരമായി മര്‍ദിച്ചു. രക്തം വാര്‍ന്നു ബോധരഹിതനായ മാണിക്കിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ഏതാനും ദിവസത്തെ ചികിത്സയ്ക്കുശേഷം മാണിക് കൂലിപ്പണിക്കു പോയിത്തുടങ്ങിയിരുന്നു. കഴിഞ്ഞദിവസം രാവിലെ പത്തോടെ ജോലിസ്ഥലത്തു കുഴഞ്ഞുവീണ മാണിക്കിനെ സഹപ്രവര്‍ത്തകര്‍ അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. വാട്‌സാപ്പ് പ്രചരണത്തെ തുടര്‍ന്ന് അനേകരാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് രാജ്യത്ത് ഇരയായത്. ഇത്തരം അനേകം സംഭവങ്ങള്‍ മനുഷ്യാവകാശം മുന്‍നിര്‍ത്തിയുള്ള കാര്യത്തില്‍ ഇന്ത്യയ്ക്ക് ലോകവേദിയില്‍ വലിയ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്.
from mangalam.com https://ift.tt/2uso8S5
via IFTTT
No comments:
Post a Comment