കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ചുവരെഴുത്തുമായി ബന്ധപ്പെട്ട എസ്എഫ്‌ഐ യുമായി നേരത്തേ തന്നെ തര്‍ക്കങ്ങള്‍ നില നിന്നിരുന്നെന്ന് ഒന്നാം പ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. എസ്എഫ്‌ഐ യ്ക്ക് വഴങ്ങരുതെന്നും കോളേജിന് മുന്നിലെ മതിലില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് തന്നെ വേണമെന്നും പുറത്തുള്ളവര്‍ മുഹമ്മദിന് നിര്‍ദേശം നല്‍കി. എസ്എഫ്‌ഐ യെ പ്രതിരോധിക്കാന്‍ നിര്‍ദേശവും പുറമേയുള്ള സഹായവും കിട്ടിയതായി മുഹമ്മദ് പറഞ്ഞു.
ക്യാംപസിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് കോളേജിന് പുറത്തുള്ള ക്യാംപസ് ഫ്രണ്ട് - എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ മുഹമ്മദ് വിവരമറിയിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രിയില്‍ ഒമ്പത് മണിയോടെ ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് എസ്എഫ്‌ഐ ക്കാര്‍ മായ്ച്ചു കളഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിക്കും പിന്നാലെ തര്‍ക്കമുണ്ടായപ്പോള്‍ മുഹമ്മദ് നോര്‍ത്തിലെ കൊച്ചിന്‍ ഹൗസില്‍ താമസിച്ചിരുന്ന എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വിളിച്ചറിയിച്ചു. എസ്എഫ്‌ഐ യെ ഏതു രീതിയിലും പ്രതിരോധിക്കണമെന്നായിരുന്നു കിട്ടിയ നിര്‍ദേശം. ഇതോടെ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന 16 എസ്ഡിപിഐ പ്രവര്‍ത്തകരെ മുഹമ്മദ് കോളേജിലേക്ക് വിളിച്ചു വരുത്തി. ഇവര്‍ സംഘടിച്ച് മഹാരാജാസ് ക്യാമ്പസില്‍ എത്തുകയും സംഘര്‍ഷം മുന്നില്‍കണ്ട് ക്യാമ്പസില്‍ ക്യാമ്പ് ചെയ്യുകയുമായിരുന്നു.
രാത്രി 12 മണിയോടെയുണ്ടായ സംഘര്‍ഷത്തില്‍ അഭിമന്യു കുത്തേറ്റ് മരിക്കുകയായിരുന്നു. കൊലപാതകം നടന്ന ശേഷം 13 പേരും അവിടെ നിന്നും രക്ഷപ്പെട്ടു. മൂന്നു പേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പോലീസിന് കൈമാറി. കൊലപാതകത്തിന് തൊട്ടുപിന്നാലെ തന്നെ മുഹമ്മദ് ഒളിവില്‍ പോകുകയായിരുന്നു. രാത്രി തന്നെ കൊച്ചിവിട്ട മുഹമ്മദ് കണ്ണൂരിലേക്കാണ് രക്ഷപ്പെട്ടത്. കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഒളിത്താവളത്തിലേക്ക് മാറി. ഇവിടെ നിന്നും പിന്നീട് ഗോവയിലേക്ക് പോയി വീണ്ടും പഴയ ഒളിത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഒളിവില്‍ കഴിയാന്‍ മുഹമ്മദിനെ സഹായിച്ച തലശ്ശേരി സ്വദേശിയായ മറ്റൊരാളും പോലീസ് കസ്റ്റഡിയിലുണ്ട്.
സംഭവം നടന്ന് 11 ദിവസത്തോളം മുഹമ്മദ് ഒളിവില്‍ കഴിഞ്ഞത് എസ്ഡിപിഐ സഹായത്തോടെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. എസ്ഡിപിഐ സംസ്ഥാന നേതാക്കളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജിലെ യൂണിറ്റ് പ്രസിഡന്റായ മുഹമ്മദിനെ പിടികൂടിയത് കേരളാ-കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചായിരുന്നു. 16 ദിവസം പിന്നിട്ട ശേഷമാണ് കേസിലെ പ്രധാനപ്രതിയായ മുഹമ്മദിനെ പിടികൂടുന്നത്.
from mangalam.com https://ift.tt/2uKqISD
via IFTTT
No comments:
Post a Comment