ഇടുക്കി: മഴവീണ്ടും കനത്തതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും കടുത്ത പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുന്ന കേരളത്തിന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതും ഇടുക്കിയില്‍ പരമാവധി സംഭരണ ശേഷിയിലേക്ക് നീരൊഴുക്ക് വീണ്ടും ശക്തമായതും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും.
മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി ശേഷിയും പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 26,000 ഘനയടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം പുറത്തേക്കു വിടുന്നതിനാല്‍ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലം തുറന്നു വിട്ടതോടെ ഉപ്പുതറയില്‍ ചപ്പാത്തില്‍ പാലത്തിന് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നു. കട്ടപ്പനയിലേക്കുള്ള ഗതാഗതം നിലച്ച നിലയിലാണ്.
പീരുമേടിനും വണ്ടിപ്പെരിയാറിനുമിടയില്‍ വാഹനങ്ങള്‍ കുടുങ്ങി. സെക്കന്‍ഡില്‍ 15,00,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കുവിടുന്നത്. 2401.24 അടിയാണ് നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി ശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നതും ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്കിനെ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്ന് ജലനിരപ്പ് ക്രമീകരിച്ചിരുന്നു. ഇതിന് പിന്നാലെ മഴ വീണ്ടും ശക്തമായി പെയ്യുകയും വീണ്ടും ആശങ്കാകുലമായ സാഹചര്യം ഉണ്ടാകുകയുമായിരുന്നു.
from mangalam.com https://ift.tt/2KWzgff
via IFTTT
No comments:
Post a Comment