മേലുകാവ്: പോയപ്പോള്‍ ഉണ്ടായിരുന്ന വീട് തിരിച്ചു വന്നപ്പോള്‍ ഇല്ലാതായതിന്റെ ദു:ഖം അടക്കാന്‍ കഴിയാത്തതാണെങ്കിലും പൂമാലത്തൊട്ടിയില്‍ ഈട്ടിക്കുന്നേല്‍ രാജനും ഭാര്യ പ്രീതയും ആശ്വസിക്കുകയാണ്. ഞായറാഴ്ച തറവാട്ട് വീട്ടിലേക്ക് പോയ ഇവര്‍ തിങ്കളാഴ്ച രാവിലെ ഉരുള്‍പൊട്ടല്‍ വാര്‍ത്ത കേട്ട് തിരിച്ചുവന്നപ്പോള്‍ കണ്ടത് വീടിരുന്നിടത്ത് മണ്‍കൂന മാത്രം. അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയില്‍ തറവാട്ടു വീട്ടിലേക്ക് പോകാന്‍ തോന്നിച്ചത് ദൈവം ആയിരുന്നെന്നാണ് ഇവരോട് അടുപ്പമുള്ളവര്‍ ആശ്വസിക്കുന്നത്. അറക്കുളം, മൂലമറ്റം, വെള്ളിയാമറ്റം പ്രദേശങ്ങളില്‍ ഉണ്ടായ വ്യാപക ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഇവരുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു.
ഞായറാഴ്ച രാത്രി ഇവര്‍ വീടുവിട്ട് തറവാട് വീട്ടിലേക്ക് പോയതിന് പിന്നാലെ പൂമാല മേത്തൊട്ടിയില്‍ ഉരുള്‍പൊട്ടി ഇവരുടെ വീട് പൂര്‍ണമായി ഒലിച്ചുപോയി. വീട്ടുപകരണങ്ങളും നശിച്ചു. അഞ്ചേക്കറോളം സ്ഥലമാണ് ഇവിടെ ഒലിച്ചുപോയത്. രാജനും ഭാര്യ പ്രീതയും തോരാത്ത മഴ കണ്ട് ഞായറാഴ്ച രാത്രിയില്‍ തൊട്ടടുത്തുള്ള തറവാട് വീട്ടിലേക്ക് പോയതിനാലും ഇവരുടെ മക്കള്‍ ചെന്നെയിലായിരുന്നതിനാലും ആരും വീട്ടില്‍ ഇല്ലായിരുന്നു. അതിനാല്‍ ആളപായം ഒഴിവായി. തിങ്കളാഴ്ച വെളുപ്പിനാണ് ഉരുള്‍പൊട്ടിയത്. ഉടുത്തിരുന്ന തുണി അല്ലാതെ അവര്‍ ഒന്നും കൊണ്ടുപോയിരുന്നതിനാല്‍ വിങ്ങുന്ന ഹൃദയവുമായി വീടിരുന്ന സ്ഥലം നോക്കി നില്‍ക്കാനേ ഇവര്‍ക്കിപ്പോള്‍ കഴിയുന്നുള്ളൂ. രാജനെയും പ്രീതയേയും കണ്ട് സ്ഥലത്തെത്തിയ നാട്ടുകാരും ദു:ഖത്തിലായി. വലിയ െദെവാനുഗ്രഹമാണ് തങ്ങളെ തറവാട്ട് വീട്ടിലേക്ക് പറഞ്ഞു വിട്ടതെന്ന് രാജന്റെ ഭാര്യ പ്രീത പറഞ്ഞു.
മേത്തൊട്ടിയില്‍ തെരുവേല്‍ ശിവരാമന്റെ പുരയിടത്തില്‍ നിന്ന് പൊട്ടിയ ഉരുള്‍ ഈട്ടിക്കുന്നേല്‍ രാജന്റെ വീട് തകര്‍ത്ത് മണലേല്‍പുന്നേല്‍ അജേഷിന്റെ പുരയിടത്തില്‍ കയറി തോട്ടില്‍ ചെന്ന് നിന്നു. തെരുവേല്‍ ശിവരാമന്റെയും രാജന്റെയും, അജേഷിന്റെയും പ്ലാവ്, മാവ്, തെങ്ങ്, കമുക് തുടങ്ങിയ കൃഷി ദേഹണ്ഡങ്ങള്‍ ഒലിച്ചുപോയി. വീടിരുന്ന സ്ഥലത്ത് പാത്രങ്ങളും വീട്ടുപകരണങ്ങളും മണ്ണിനടിയിലും മറ്റുമായി ചിതറി കിടക്കുകയാണ്. കിഴക്കെ മേത്തൊട്ടി റോഡിന്റെ ഓടയില്‍ നിന്നും ഒഴുകിവന്ന വെളളം തെരുവേല്‍ ശിവരാമന്റെ പുരയിടത്തിലൂടെയാണ് ഒഴുകി പോയിരുന്നത്. ഈ വെള്ളം ഒലിച്ചിറങ്ങിയതാവാം ഉരുള്‍പൊട്ടലിന് കാരണം.
അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് മൂലമറ്റം ആശ്രമത്തിനു സമീപം ഉരുള്‍പൊട്ടിയത്. അഴകമ്പറമ്പില്‍ പുരയിടത്തില്‍ ആണ് ഉരുള്‍ പൊട്ടിയത്. അഴകമ്പറമ്പില്‍ പുരയിടത്തില്‍ ആണ് ഉരുള്‍ പൊട്ടിയത്. ചെളിയും മണ്ണും ഒഴുകിയെത്തി റോഡില്‍ നിരന്നതിനാല്‍ ഉരുളിന്റെ തീവ്രത കുറയുകയായിരുന്നു. ഉരുള്‍ പൊട്ടിവരുമ്പോള്‍ ആശ്രമം ഭാഗത്തേക്കു കടന്നു പോവുകയായിരുന്ന രാജീവന്റെ ജീപ്പില്‍ അടിച്ചു. ഉരുള്‍ വരുന്നതു കണ്ടു ഇയാള്‍ ജീപ്പു പുറകോട്ടു മാറ്റിയതിനാല്‍ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെടുകയായിരുന്നു. ആവിക്കാട്ട് ഹരിദാസിന്റെ വീടിനു സമീപം എത്തിയ ഉരുള്‍ റോഡിലൂടെ നിരന്ന് ഒഴുകുകയായിരുന്നു. ഇതിനാല്‍ ഉരുളിന്റെ തീവ്രത കുറഞ്ഞു. മഴ ശക്തമായി തുടരുന്നതിനാല്‍ അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തിലെ നൂറുകണക്കിനു കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്.
from mangalam.com https://ift.tt/2uqCsuc
via IFTTT
No comments:
Post a Comment