കട്ടപ്പന: അണക്കരയില്‍നിന്നു 2.19 ലക്ഷത്തിന്റെയും മുളങ്കാട്ടെ സീരിയല്‍ നടിയുടെ വീട്ടില്‍നിന്നു 57 ലക്ഷത്തിന്റെയും കള്ളനോട്ട് പിടിച്ച കേസില്‍ മൂന്നു പേര്‍ക്കൂടി പിടിയിലായി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 12 ആയി.
ഇടുക്കി തോപ്രാംകുടി സ്വദേശികളായ വാതല്ലൂര്‍ ജോബിന്‍ ജോസഫ്(27), കൊല്ലംപറമ്പില്‍ റിജോ(38), അരുണ്‍ മൈലിക്കുളത്ത്(22) എന്നിവരെയാണ് കട്ടപ്പന സി.ഐ: വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ളപ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. സീരിയല്‍ നടിയും കുടുംബവും അറസ്‌റ്റിലായതറിഞ്ഞു വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി ലിയോയോടൊപ്പം മുളങ്കാട്ടെ സീരിയല്‍ നടിയുടെ വീട്ടില്‍ കള്ളനോട്ട് നിര്‍മാണത്തിലേര്‍പ്പെട്ടവരാണു മൂവരുമെന്നു പോലീസ് പറഞ്ഞു.
സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്നുപേരും വിവിധ സ്‌ഥലങ്ങളില്‍ ഡ്രൈവര്‍മാരാണ്. ഇലക്‌ട്രിക്കല്‍ ജോലിയും അറിയാവുന്ന റിജോയെ സീരിയല്‍ നടിയുടെ വീട്ടില്‍ ലിയോ എത്തിച്ചു. കള്ളനോട്ട് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ദിവസം റിജോ ഇവിടെ തങ്ങി. അച്ചടിക്കല്‍ ആരംഭിച്ചതോടെ സഹായത്തിനായി കൂടുതല്‍ പേരെ ആവശ്യമുള്ളതിനാല്‍ ജോബിനെയും അരുണിനെയും ഇവിടേക്കു വിളിച്ചു. അച്ചടിക്കാനുള്ള പേപ്പര്‍ മുറിക്കലുള്‍പ്പെടെയുള്ള ജോലികളാണ് ഇവര്‍ ചെയ്‌തത്.
പതിനായിരം രൂപ വീതം മൂവരും കൈപ്പറ്റിയിരുന്നു. റിജോയ്‌ക്കെതിരേ മറ്റു ക്രിമിനല്‍ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ സീരിയില്‍ നടിയുടെ അമ്മ രമാദേവിയെ പോലീസ് കസ്‌റ്റഡിയില്‍ വാങ്ങി.
from mangalam.com https://ift.tt/2uuquzN
via IFTTT
No comments:
Post a Comment