കൊച്ചി : 'മുലയൂട്ടുന്ന സ്ത്രീ'യുടെ ചിത്രം പ്രമുഖ മാസികയില്‍ മുഖചിത്രമായി പ്രസിദ്ധീകരിച്ചതില്‍ അശ്ലീലമില്ലെന്ന് ഹൈക്കോടതി. ചിത്രത്തില്‍ മാന്യതയില്ലാത്ത ഒന്നും കാണാന്‍ കഴിയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്ന് വിശദീകരിച്ചുകൊണ്ടാണ് കോടതി കവര്‍ ചിത്രത്തെ അനുകൂലിച്ചുകൊണ്ട് കോടതി വിധി പുറപ്പെടുവിച്ചത്. സൗന്ദര്യം കുടികൊള്ളുന്നത് നോക്കുന്നയാളുടെ കണ്ണുകളിലാണ്. അശ്ലീലതയും അതുപോലെ തന്നെയാണെന്നും കോടതി നിരീക്ഷിച്ചു.
ഹര്‍ജിക്കാരന്‍ ആരോപിക്കുന്ന ചിത്രത്തിലെ അശ്ലീലതയെ ഞങ്ങള്‍ ഒരുപാട് പരിശ്രമിച്ചിട്ടും കാണാന്‍ കഴിഞ്ഞില്ല. ആണുങ്ങള്‍ക്ക് ആക്ഷേപകരമായ ഒന്നും തന്നെ ഫോട്ടോയുടെ ക്യാപ്ഷനിയും കണ്ടെത്തിയിട്ടില്ല. സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുകയോ കുട്ടികളെ തെറ്റായ രീതിയില്‍ ചിത്രത്തിനായി ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി. രാജാരവിവര്‍മയുടെ ചിത്രങ്ങളില്‍ നോക്കുന്ന അതേ കണ്ണുകൊണ്ടാണ് ഈ ചിത്രത്തെ ഞങ്ങള്‍ നോക്കിയതെന്നും അതുകൊണ്ടു ആ ചിത്രത്തിലേയ്ക്കു നോക്കുമ്പോഴുള്ള അനുഭവമാണ് തങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്നും ജഡ്ജിമാര്‍ വിലയിരുത്തി.
മുലയൂട്ടുന്ന മുഖചിത്രം പോക്‌സോ വകുപ്പിന്റെയും ബാലനീതി വകുപ്പിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിച്ചുവെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഹര്‍ജിക്കാരന്റെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ കോടതി ഇന്ത്യന്‍ കലാസൃഷ്ടികള്‍ മനുഷ്യ ശരീരത്തെ എന്നും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്തിട്ടുള്ളതാണെന്ന് പറഞ്ഞു. അജന്തയിലെയും കാമസൂത്രയിലെയും കലാസൃഷ്ടികള്‍ ഇതിന് ഉദാഹരണമാണെന്നും ഇന്ത്യന്‍ മനസ്സിന്റെ പാകതയാണ് ഇതിലൂടെ കാണുന്നതെന്നും കോടതി നിരീക്ഷിച്ചു.
from mangalam.com https://ift.tt/2thp8rv
via IFTTT
No comments:
Post a Comment